Sunday, November 24, 2013

ഇസങ്ങൾടെ ലോകം

ഇസങ്ങളേറെ നീന്തിക്കടന്നാണ് കുഞ്ഞാമൻ
നാടുവിട്ടൊരുനാൾ കാടേറി മലയേറീത്.
കുഞ്ഞാമൻ, കാർത്തികയിലെ തിരുവാതിരക്കാരൻ
വംശചരിതം അടിമുടി മാറ്റാൻ ജനിച്ചോൻ.

കുഞ്ഞാമൻ നന്നെകുഞ്ഞായിരിക്കെ, ഓന്റച്ഛ്ൻ കണാരൻ
കൊടിചോകപ്പിക്കാൻ ചുടുചോര ചിന്തി ,ഇസത്തിനുവേണ്ടി.
ഓൻറെഗതികെട്ടൊരമ്മക്ക് പിന്നേം പേറ്റ്നോവുണ്ടായി,
മറ്റിസങ്ങൾടെ പായയിൽ അടിവയറ് നീറി ഓള് തളർന്നു.
ഇസങ്ങൾടെ  തന്തയില്ലാത്തോരിളം കുരുന്നോളെ -
ചാച്ചിഒറക്കി ,ഒന്റിളം ചുമലും തളർന്നു.

ഇസം  കുഞ്ഞാമനൊപ്പം വളർന്നു,
ഓനോപ്പം ഇരുട്ടിൽ പട്ടിണികിടന്നു,
ഇസം ഓന്റെ കൈയ്യിൽ ചരടുകെട്ടിച്ചു ,
തലയിൽ തൊപ്പി വെപ്പിച്ചു ,നെഞ്ചിൽ കുരിശുവരപ്പിച്ചു.

ബ്രാഹ്മമുഹൂർത്തങ്ങളിൽ ഇസം അവനൊപ്പം കടത്തുകാരായി
പകലിൽ ഇസങ്ങളവനോപ്പം സമരങ്ങൾ ചെയ്തു
സന്ധ്യയിൽ അവളവനിൽ പ്രണയമായ്പെയ്തു
രാവിന്നിരുട്ടിലവർ രഹസ്യങ്ങൾ നെയ്തു.

പേരുംനാളുമറിയാത്ത ഇസങ്ങൾ കുഞ്ഞാമനൊപ്പം കൂടി
അവർ അവനൊപ്പം വളർന്നു,അവനവരോളം വളർന്നു
കുഞ്ഞാമൻ നെഞ്ചേറ്റിയ ഇസങ്ങളവനെ
ആദ്യം തോളേറ്റി,പിന്നെ തലയിലുമേറ്റി
കുഞ്ഞാമനുമുന്നിൽ ഇസങ്ങൾ കണ്ണീരൊഴുക്കി
ഇടനാഴികളിൽ അവനവർക്കായി ചൊരപ്പുഴയൊരുക്കി
ഇസങ്ങൾ കുഞാമാനോപ്പം വളർന്നു
അവൻ ഇസങ്ങളോളം വളർന്നു.

കാലമേറെക്കഴിയും മുന്നേ കുഞ്ഞാമൻ കണ്ടൂ
മരവിപ്പ്മാറത്തൊരകക്കണ്ണ് കൊണ്ട്
തൊപ്പിയിട്ട തലയിൽനിന്നൂറി,ചന്ദനം  ചാർത്തിയ
നെറ്റിയിലൂടെ ,കുരിശുവരച്ച നെഞ്ചിൽ പരന്നതെല്ലാം
അരിവാളെടുത്ത് ,കോണി കയറുന്നോരച്ച്ചൻറെ കൈകളിൽ
പൊടിഞ്ഞ ചുവപപെന്നു ,അമ്മതൻ കാൽതണ്ടിൽക്കൂടോലിച്ച നീരെന്നു.

മുക്തിമോക്ഷങ്ങൾക്കായി കുഞ്ഞാമൻ
മക്കാ മദീനതൻ മണലാരണ്യങ്ങൾ താണ്ടി
മലമുകളിൽ തെളിഞ്ഞൊരു പന്തത്തിനു
നേരെ , തോഴുകൈകളുയർത്തി
വിശുദ്ധന്നു മുന്നിൽ ജ്ഞാനസ്നാനം നടത്തി  
മനസ്സിലെ ചോരച്ചുവപ്പ് എന്നിട്ടും മായാതെ നിന്നു.

നായിൻറെ മക്കളെ, ഇറക്കെടാ താഴെയെന്നാക്രോശിച്ചു ,കുഞ്ഞാമൻ
കുഞ്ഞാമൻ ,വംശചരിതം അടിമുടി മാറ്റാൻ ജനിച്ചോൻ
ഇസങ്ങളെത്തേടിയ കണ്കൾ അമർത്തിയടച്ചു, കുഞ്ഞാമൻ
ഇസങ്ങളെ പുൽകിയ നാമ്പുകൾ നുള്ളിയെടുത്തു, കുഞ്ഞാമൻ
കാതുകൾ പോത്തിയടച്ചും കതകുകൾ കൊട്ടിയടച്ചും
മനസ്സിന്നാഴങ്ങളിൽ കാടും മലയും തേടി കുഞ്ഞാമൻ.

ചുവന്ന സന്ധ്യയിൽ,പുറംകാടിന്നിളം പച്ചകടന്നു
കൊടുംകാട്ടിന്നിരുളുകൾ തേടിനടന്നു കുഞ്ഞാമൻ
അരുണിമയിൽ തെളിഞ്ഞ മോക്ഷജലംകൊണ്ട്
ദാഹം തീർത്ത്  മലമുകളെറി കുഞ്ഞാമൻ.

കാടുകേറിയ മനസ്സുള്ള കുഞ്ഞാമൻ
കാലാനുഗതത്തിൽ കുഞ്ഞാമയായ് മാറി
ഇസങ്ങൾതൻ ചെറുവിരലനക്കങ്ങളിൽ , കുഞ്ഞാമ
തലയകത്തിട്ടു നീണ്ട സുഷുപ്തിയിലാണ്ടു.

മനസ്സിൻ മാത്സര്യത്തിന്നിടയിൽ കുഞ്ഞാമയോര്‍ത്തു
ഇസങ്ങൾടെ ലോകത്ത് മുയലുകളിപ്പോഴും ഉറക്കമാണെന്ന് .

Tuesday, November 19, 2013

ഓർമ്മയുടെ ഓളങ്ങളിൽ

കവിളിലൂടുതിരും ചുടുകണ്ണീർ തുടച്ച്നിങ്ങൾ,
ചന്ദന മുട്ടിയിലെരിയിച്ചതത്രയും കരിക്കട്ടകൾ.
പൊഴിഞ്ഞു വീഴാത്ത കണ്ണുനീർത്തുള്ളികൾ
പതിയെ എന്നുള്ളിലായ് ഉറഞ്ഞുകൂടുന്നു.
ഭാവിഭൂതങ്ങളറിയാതെ കോരിത്തരിപ്പൂ ഞാൻ,
ഓർമ്മ തൻ ഭാണ്ഡമെൻ മതി നിറയെ പേറുന്നു.

യാത്ര പറഞ്ഞു നീ,കൈ വീശി മാഞ്ഞതും
ഒരു ചുടുചുംബനമാ ഇളം കാറ്റിനു കൊടുത്തതും
കണ്ണിൽ നിറയുമാ മണിത്തുള്ളിയിൽക്കുട -
വ്യക്തമായ്ക്കണ്ടു  ചിരിച്ചിടുന്നു ഞാൻ.

പാപപുണ്യങ്ങൾതൻ സങ്കീർത്തനങ്ങളിൽ,
ഞാനുണ്ട് ,നീയുണ്ട് ,നാമൊരുക്കൂട്ടിയ പൊൻ
കണങ്ങളുണ്ട് ,ആ  കണങ്ങളായ്
പെയ്തിറങ്ങിയ ചോരപപൊടിപ്പുണ്ട്,
ആ ചുവപ്പിൽ പിറന്നൊരീ
രണ്ടു കണ്ണുനീർ തുള്ളിയുമുണ്ട്.

 നീ തന്നൊരാ ചെമ്പട്ടു തൂവാലയിൽ
മുഖമൊന്നമർത്തി ഞാൻ നിൽക്കവേ,
അഗ്നിഗോളമായ് മാറുന്നു നീ,
ആ പുലർകാല യാത്രികർക്കൊപ്പമായ്.

കാലു തരിച്ചതും, പിന്നെ കുതിച്ച്ച്തുമോർമ്മയില്ല
നെഞ്ച് കിതച്ചതും, പിന്നെ രോദനമായതുമോർമ്മയില്ല
ഓർമ്മയതിലെല്ലാം കനലിലെരിയുന്നൊരീ
നീയാം  കരിക്കട്ടകൾ മാത്രമായ്

ഇടവപ്പാതി തൻ കരിമുകിൽ മാനവും
പെയ്തിറങ്ങാൻ മറന്ന മഴത്തുള്ളിയും
എന്നരുകിൽ പാറിവന്നു ,ചൂടേറ്റുതളർന്നൊ
രിളം തെന്നലും ഒഴുകാൻ മറന്നകണ്ണീരും ബാക്കിയായ്.

ചിതയിലെരിയാൻ മടിക്കുന്നോരീ ഓർമ്മതൻ
താളിൽ , ചിതലരിച്ചിടും മുന്നെ ഞാനൊർക്കട്ടെ ,

വിടചൊല്ലി ,പലവഴി പിരിയുമാനേര-
മെന്നിൽ നിറയുന്നു ,പേടമാൻ
മിഴിയിൽ -നിന്നൂറുമാ സ്നേഹാശ്രുകണങ്ങൾ.
പ്രളയമാകുന്നു മഹാ പ്രളയമാകുന്നു
നിൻറെ കണ്ണുനീർത്തുള്ളികളാകുന്നു.
ചന്ദനഗന്ധിയാമീ  ജലധാരയിൽ ,
മിഴിമുനകളിലൊളിയുന്നൊരാഴങ്ങളിൽ ,ഏതോ

അഗാധങ്ങളിൽ അവർ കാവൽനില്ക്കുന്നു.